കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. നബാര്‍ഡിന്‍റെ 44-ാം രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് 15.07.2025 ന് തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. സഹകരണ വകുപ്പ്മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ ഉപഹാരം നല്‍കി. ബാങ്കിനുവേണ്ടി പ്രസിഡന്‍റ് ഡോ. വി.മിഥുന്‍, വൈസ് പ്രസിഡന്‍റ് ശ്രീ. പി.പ്രതാപന്‍, സെക്രട്ടറി ശ്രീമതി. ജ്യോതി.എസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമീണ മേഖലയുടെ വികസനത്തിനുവേണ്ടി ബാങ്ക് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം

സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി നീതി മെഡിക്കല്‍സ്റ്റോര്‍, ഗൃഹലക്ഷ്മി ഗൃഹോപകരണ ഷോറൂം, വളം ഡിപ്പോകള്‍, ഇ-സേവന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ബാങ്ക് നടത്തി വരുന്നു. ബാങ്കിന്‍റെ പ്രവര്‍ത്തനലാഭം വിനിയോഗിച്ച് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് സഹായം നല്‍കുന്ന ‘കനിവ്’ പദ്ധതി, നെല്‍കര്‍ഷകര്‍ക്ക് കൃഷിക്ക് സഹായം നല്‍കുന്നതിനായി ‘കനകക്കതിര്‍’, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടുന്നവര്‍ക്കും ഉപരിപഠനത്തില്‍ ഉന്നത വിജയം നേടുന്നവര്‍ക്കും മറ്റ് പ്രതിഭകള്‍ക്കും നല്‍കുന്ന ‘പ്രതിഭാ പുരസ്കാരം’, ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിയായ ‘നാട്ടുപച്ച’, മത്സ്യകര്‍ഷകര്‍ക്കായി ‘നീലജലാശയം’ പദ്ധതി തുടങ്ങിയ വിവിധങ്ങളായ പദ്ധതികള്‍ ബാങ്ക് നടപ്പിലാക്കി വരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ സബ്സിഡിയറി സ്ഥാപനമായി ആരംഭിച്ച സഹകരണ ആശുപത്രിയായ കിംസാറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി രണ്ടു വര്‍ഷക്കാലം കൊണ്ടുതന്നെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയായി മാറിയിട്ടുണ്ട്. റൂറല്‍ ഡെവലപ്പ്മെന്‍റിനായി ബാങ്ക് നടത്തുന്ന ഇത്തരം വിവിധ പദ്ധതികള്‍ പരിഗണിച്ചാണ് ബാങ്കിന് അവാര്‍ഡ് ലഭിച്ചത്