
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ നബാർഡിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ കാർഷിക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അർഹനായി. കൊല്ലം ജില്ലയിൽ മങ്ങാട് സ്വദേശിയായ ഡോ.ഡി.ഷൈൻകുമാർ,1992 ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ-വെറ്ററിനറി സയൻസിൽ ബിരുദവും ഹൈദരാബാദ് എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടി. ഏഷ്യാനെറ്റിൽ ‘കൃഷി ദീപം’, കൗമുദി ടിവിയിൽ ‘ഹരിതം സുന്ദരം’ എന്നീ കാർഷിക പരിപാടികളുടെ അവതാരകനും സംവിധായകനുമാണ്. മലയാള മനോരമ പ്രസിദ്ധീകരിച്ച ഒൻപതോളം കാർഷിക പുസ്തകങ്ങളുടെ രചയിതാവാണ്.
മികച്ച കാർഷിക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ ‘കർഷക ഭാരതി പുരസ്കാരം’ നേടിയിട്ടുണ്ട്. മികച്ച അവതാരകനുള്ള ‘രാജീവ് ഗാന്ധി സ്റ്റഡി സെന്റർ അവാർഡ്’, ‘ജെ. അലക്സാണ്ടർ അവാർഡ്’, ‘മങ്ങാട് പുരസ്കാരം’ മികച്ച കാർഷിക ഡോക്യുമെന്ററി സംവിധായകനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ജൂലൈ 19 ന് വൈകിട്ട് വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയിൽ ചേരുന്ന അഗ്രി ഫെസ്റ്റ് 2025 സമാപന സമ്മേളനത്തിൽ വച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരം ഡോ.ഡി.ഷൈൻകുമാറിന് സമർപ്പിക്കുമെന്ന് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ.സി.അനിൽ, സംഘാടക സമിതി ജനറൽ കൺവീനർ സി.പി.ജസിൻ എന്നിവരറിയിച്ചു.


