പുസ്തകങ്ങൾക്കും വായന ലഹരിയാക്കിയവർക്കും തുറന്ന വേദിയൊരുക്കിയ പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം. ആർ ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമാപന ചടങ്ങ് പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സന്ദേശം നിയമസഭ സെക്രട്ടറി എ.എം ബഷീർ വായിച്ചു.

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിച്ചു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം എഡീഷന്റെ ലോഗോ പ്രകാശനം ഉമ്മൻചാണ്ടി നിർവഹിച്ചു. 2024 ജനുവരി 8 മുതൽ 14 വരെയാണ് രണ്ടാം എഡിഷൻ പുസ്തകോത്സവം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും വി.ജോയി എം.എൽ.എ നന്ദിയും പറഞ്ഞു.