ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത(22)യാണ്‌ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ പുലർച്ചെ ഒന്നിനാണ്‌ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്‌. ഉടൻ ബന്ധുക്കൾ വിവരം ആരോഗ്യ കേന്ദ്രം സബ്‌ സെന്റർ ചുമതലയുള്ള നഴ്‌സിനെ വിവരം അറിയിച്ചു. വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അനുവിന്റെ  ഇടപെടലിൽ 108 ആംബുലൻസ് പൈലറ്റ് കെ എസ്‌ അജുൽ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സംഗീതയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.   

ആംബുലൻസ് കോവില്ലൂർ ഭാഗത്ത് എത്തുമ്പോഴേക്കും സംഗീതയുടെ ആരോഗ്യനില കൂടുതൽ വഷളായി. ഉടൻ ടെക്‌നീഷ്യൻ അനിൽ കുമാർ പരിശോധിച്ച്‌ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു മനസിലാക്കി. ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 1.50ന്‌ അനിൽകുമാറിന്റെ പരിചരണത്തിൽ സംഗീത ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി. ആംബുലൻസ് പൈലറ്റ് അജുൽ ഉടൻ ഇരുവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


error: Content is protected !!