കടയ്ക്കൽ : സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലകളിൽ ഒന്നായ ചാണപ്പാറ സൻമാർഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ, എസ് സുകുമാരൻ ഗ്രന്ഥശാലാ പുരസ്കാരത്തിന് കൊല്ലം വെൺപാലക്കര ശാരദ വിലാസിനി വായനശാലയ്ക്ക് നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അരനൂറ്റാണ്ട് കാലം ഗ്രന്ഥശാല പ്രവർത്തകൻ, അധ്യാപകൻ, മികച്ച വായനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച എസ്. സുകുമാരൻ്റെ സ്മരണാർത്ഥം ചാണപ്പാറ സന്മാർഗ്ഗ ദായിനിഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരമാണ് ശാരദവിലാസിനി വായനശാലയ്ക്ക് ലഭിക്കുന്നത്. 1927 ൽ പിറവിയെടുത്ത ശാരദവിലാസിനി വായനശാല സംസ്ഥാനത്തെ മികച്ച എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലകളിൽ ഒന്നാണ് 25,000 പുസ്തകങ്ങളും 3000ത്തിലധികം അംഗങ്ങളുണ്ട്. കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറികളിൽ ഒന്നാണ് ‘ കേരളത്തിലെ മികച്ച ഗ്രന്ഥശാലയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന ഇ എം എസ് പുരസ്കാരം , ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്ക് കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പുത്തൂർ സോമരാജൻ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.ബി.മുരളീകൃഷ്ണൻ സെക്രട്ടറി എം.സലിം, സൻമാർഗദായിനി പ്രസിഡണ്ട് ജെ.സി. അനിൽ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡിനർഹമായ ഗ്രന്ഥശാലയെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തിപത്രവും, മൊമെന്റോയും ഉൾപ്പെടുന്നതാണ് പുരസ്കാരം എസ് സുകുമാരൻ ഓർമ്മദിനമായ ജനുവരി 22ന് വൈകിട്ട് ആറുമണിക്ക് സന്മാർഗദായിനി സുവർണ്ണ ജൂബിലി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് ദാനം നിർവഹിക്കും.

ഗ്രന്ഥശാല പ്രസിഡൻറ് ജെ.സി. അനിൽ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ. ബി. മുരളീകൃഷ്ണൻ, എം സലിം, പ്രൊഫ: ബി ശിവദാസൻ പിള്ള കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി സജിനാഥ്, പ്രസിഡണ്ട് ഉഷാകുമാരി കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. എസ്. ഗോപകുമാർ, പ്രസിഡണ്ട് എ. എസ് .ഷാജി ശാരദവിലാസിനി വായനശാലയുടെ പ്രസിഡൻറ് എസ്. സെൽവി സെക്രട്ടറി ഐ. സലിൽകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സന്മാർഗ്ഗ ദായി ഗ്രന്ഥശാല സെക്രട്ടറിജി എസ് പ്രിജിലാൽ അറിയിച്ചു.