തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് ഏഴു വർഷമാക്കി ചുരുക്കാൻ ജൂലൈ 1 നു ഉത്തരവായിരുന്നു.

ജൂലൈ 1 നു മുൻപുള്ളവർക്കു 10 വർഷമായി നിബന്ധന തുടരുകയായിരുന്നു. ഏഴു വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ ഉത്തരവിട്ടു.

2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നൽകുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകൻ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം എട്ട് വർഷം മുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദ്ദേശിച്ചത്

error: Content is protected !!