പരാതിരഹിതവും സുതാര്യവുമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കേരള പി എസ് സി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം മേഖല, ജില്ലാ ഓഫീസുകളും ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നും പരീക്ഷ ആവശ്യത്തിനായി എത്തുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ു ഉള്‍പ്പെടെ സജ്ജീകരിക്കുന്ന പുതിയ കെട്ടിടം ഏറെ സഹായകമാകും. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ 2,20,000 ത്തിലധികം പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. സമയബന്ധിതമായി ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണമായും സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള പി എസ് സി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള എല്ലാവിധ സഹായസഹകരണങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ കാലതാമസം നേരിടാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന നടപടികള്‍ സുതാര്യമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ കേരള പി എസ് സി ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. കന്റോന്‍മെന്റ് സൗത്തിലെ നാടാര്‍ സംഘം ഹാളില്‍ നടന്ന പരിപാടിയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ എം ആര്‍ ബൈജു അധ്യക്ഷനായി.

മുണ്ടയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ടി ടി ഐക്ക് സമീപം 36 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. ജില്ലാ -മേഖലാ ഓഫിസുകള്‍ക്ക് പുറമെ 600ലധികം പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുംവിധം ഒരു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രവും പുതിയ ആറുനില കെട്ടിടത്തില്‍ സജ്ജീകരിക്കും. 41140 ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സംവിധാനങ്ങളോടെ കെട്ടിടം പണിയുന്നത്. 12.35 കോടി രൂപയുടെ കരാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി നല്‍കി.

മേയര്‍ പ്രസന്ന ഏണസ്റ്റ്, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറി സാജു ജോര്‍ജ്, കമ്മീഷനംഗങ്ങളായ കെ പി സജിലാല്‍, എസ് ശ്രീകുമാര്‍, വി ആര്‍ രമ്യ, മേഖലാ ഓഫീസര്‍ ആര്‍ ബാബുരാജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലൈജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.