കാഷ്യൂ കോർപ്പറേഷൻ്റെ തലശ്ശേരി, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി പ്രവർത്തിക്കുന്ന 30 ഫാക്ടറികളിലും നാടൻ തോട്ടണ്ടി സംഭരിക്കുമെന്ന് ചെയർമാൻ എസ് ജയമോഹനും, മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും അറിയിച്ചു.
സർക്കാറിൻ്റെ വില നിർണ്ണയ കമ്മിറ്റി യോഗം ചേർന്ന് ഒരു കിലോയ്ക്ക് 110 രൂപ നൽകണമെന്നാണ് നിശ്ചയിച്ചത്. ഫാക്ടറികളിൽ കർഷകരും, സഹകരണ സംഘങ്ങളും നൽകുന്ന പച്ചതോട്ടണ്ടിക്ക് 110 രൂപ വീതം നൽകിയാണ് സംഭരിക്കുന്നത്. കഴിഞ്ഞവർഷം 105 രൂപയായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്. കർഷകനെ സഹായിക്കാനും അന്യസംസ്ഥാനങ്ങളിലേക്ക് തോട്ടണ്ടി പോകുന്നത് തടയാൻ വേണ്ടിയാണ് സർക്കാർ വില വർദ്ധിപ്പിച്ചത്.
കശുമാങ്ങ കിലോയ്ക്ക് 15 രൂപ നൽകി സംഭരിക്കും. കേടുകൂടാതെ സംഭരിക്കുന്ന കശുമാങ്ങ കോർപ്പറേഷൻ്റെ കൊട്ടിയം ഫാക്ടറിയിൽ വാങ്ങും. കാഷ്യൂ കോർപ്പറേഷൻ വിപണിയിൽ ഇറക്കിയിട്ടുള്ള കാഷ്യൂ സോഡാ, കാഷ്യൂ ആപ്പിൾ ജ്യൂസ്, കാഷ്യൂ പൈൻ ജാം എന്നീ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിന്ന് വേണ്ടിയാണ് കശുമാങ്ങ വാങ്ങുന്നത്. 100 കിലോയിൽ കൂടുതൽ കർഷകർ ശേഖരിച്ചു വെച്ചാൽ കോർപ്പറേഷൻ കർഷകരുടെ തോട്ടങ്ങളിൽ എത്തി സംഭരിക്കും. വിളവെടുക്കുന്ന ദിവസം തന്നെ കശുമാങ്ങ കോർപ്പറേഷനെ അറിയിച്ച് നൽകേണ്ടതാണെന്നും അറിയിച്ചു.