ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും ഈ മേഖലയെ ലോക നിലവാരത്തിൽ എത്തിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കല്ലറ യു.ഐ.ടി സെന്ററിന്റെ പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ നാട്ടിലെ സ്കൂളുകളുടെ നിലവാരം മികച്ചതായി. ഇതിൻ്റെ തുടർച്ചയായി സർക്കാർ ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഏറ്റവും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പക്ഷേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങളെ കരിവാരിത്തേക്കുന്ന വിധത്തിലുള്ള സംഘടിതമായ ചില ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ മികവാർന്ന പ്രകടനം കാഴ്ച്ച വച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന ദേശീയ ഏജൻസിയായ ‘നാക്കിൻ്റെ’ എ പ്ലസ് പ്ലസ് ഗ്രേഡ് നേടാൻ കേരള സർവകലാശാലക്ക് സാധിച്ചതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളുടെ പട്ടികയിൽ 21 ശതമാനവും കേരളത്തിൽ നിന്നുള്ളവയാണെന്നതും ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. കല്ലറ യു.ഐ.ടി സെൻ്ററിന് വേണ്ട എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡി.കെ മുരളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടുനില കെട്ടിടം പണികഴിപ്പിച്ചത്. കല്ലറ ഗ്രാമപഞ്ചായത്തിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണിത്. കേരള സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന യു.ഐ.ടി സെന്ററിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതോടെ മലയോര ഗ്രാമമായ കല്ലറയുടെ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡി.കെ മുരളി എം.എല്‍.എ പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാങ്ങിയ ഒരേക്കര്‍ 40 സെന്റ് ഭൂമിയില്‍ നിന്നും വിട്ടുനല്‍കിയ 35 സെന്റിലാണ് പുതിയ കെട്ടിടം പണിതത്. രണ്ട് നിലകളിലായി നാല് ക്ലാസ് മുറികള്‍, സെമിനാര്‍ ഹാള്‍, ഓഫീസ്, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ എന്നിവയും സജ്ജീകരിച്ചു. സെന്ററിലേക്കുള്ള റോഡ് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനികരീതിയില്‍ നവീകരിക്കുകയും ചെയ്തു. 2017 സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററില്‍ ബി.കോം കോര്‍പറേഷന്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ കോഴ്‌സുകളിലായി നൂറ്റിയിരുപതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.