കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എഎംഎഐ), ആര്യ വൈദ്യ ഫാര്‍മസി(കോയമ്പത്തൂര്‍)യുമായി സഹകരിച്ച് രണ്ടാമത് ആയുര്‍വേദിയം എക്സ്പോ, എറണാകുളം ടൗണ്‍ ഹാളില്‍ ജനുവരി 26, 27 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. എഎംഎഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.സി അജിത്കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്ന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ എഎംഎഐ പ്രതിനിധികള്‍ അറിയിച്ചു.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎംഎഐ) എറണാകുളം ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആയുര്‍വേദീയം 2024ന്റെ സംഘാടനത്തില്‍ ലയണ്‍സ്സ് ക്ലബ്ബും വൈസ്മെന്‍ ഇന്റര്‍നാഷണലും പങ്കാളികളാണ്. വിപുലമായ മെഡിക്കല്‍ ക്യാമ്പും, എക്സിബിഷനുമാണ് ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ക്യാമ്പ് രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയും എക്‌സിബിഷന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയുമാണ് നടക്കുക.
വാതരോഗങ്ങള്‍, ബാലരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്, ഗൈനക്കോളജി, കോസ്മെറ്റോളജി നേത്രചികിത്സ, ത്വക് രോഗങ്ങള്‍, പൈല്‍സ്, ഫിസ്റ്റുല, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, പ്രമേഹം, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി 15-ലേറെ സ്പെഷ്യാലിറ്റികളില്‍ 50ലേറെ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മരുന്നുകള്‍ സൗജന്യമായിരിക്കും. കൂടാതെ പ്രമേഹ രോഗികള്‍ക്ക് ചെയ്യുന്ന വിപിടി പരിശോധനയും( ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം), അസ്ഥി സാന്ദ്രത നിര്‍ണ്ണയിക്കുന്ന ബിഎംഡി പരിശോധനയും, സ്‌കിന്‍, ഹെയര്‍ അനാലിസ്സിസ്സ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.
രജിസ്ട്രേഷനായി 8281033677, 9497287108, 9946663112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും എഎംഎഐ വ്യക്തമാക്കി.
ഇതോടൊപ്പം ആയുര്‍വേദ കോളേജുകളുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ എക്സിബിഷനും, നാഗാര്‍ജുനയുമായി സഹകരിച്ചുകൊണ്ട് ഔഷധസസ്യ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്തി ഫുഡ് എന്നുള്ള ആശയം മുന്‍നിര്‍ത്തി മില്ലറ്റ്സ് പ്രദര്‍ശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്. വിവിധതരം ആയുര്‍വേദ കോസ്മെറ്റോളജി ഉല്‍പ്പന്നങ്ങളുടെയും വെറ്റിനറി ആയുര്‍വേദ മരുന്നുകളുടെയും പ്രദര്‍ശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ജിന്‍ഷിദ് സദാശിവന്‍, എഎംഎഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എലിസബത്ത് മാത്യു, ജോയിന്റ് കണ്‍വീനര്‍ ഡോ. അനുപ്രിയ അജിത്ത്, ആയുര്‍വേദീയം-2024 ജോയിന്റ് കണ്‍വീനര്‍ ഡോ. ടോമി തോമസ്, ജനറല്‍ കണ്‍വീനര്‍ ഡോ. ഹരീഷ് വാരിയര്‍ എന്നിവര്‍ പങ്കെടുത്തു.