അതിവേഗ ചാർജിംഗ് സൗകര്യമുള്ള ലാൻഡി ലാൻസോ ഇലക്ട്രിക്ക് സൂപ്പർ ബൈക്കും സ്‌കൂട്ടറും സ്റ്റാർട്ടപ്പ് സംരംഭമായ ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോർസ് കോർപ്പറേഷൻ നവീന സാങ്കേതിക വിദ്യകളോടെ പുറത്തിറക്കി.

ബഹു. ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജുവിനൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ കൊച്ചിയിൽ അവതരിപ്പിച്ചു.ലാൻഡി ലാൻസോ ഇ – ബൈക്കായ ലാൻഡി ഇ ഹോഴ്‌സ്, ലാൻഡി ലാൻസോ ഇ-സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയിലാദ്യമായി ഏറ്റവും നൂതനമായ ഇ വി സാങ്കേതികവിദ്യയാണ് ലാൻഡി ലാൻസോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി നേരിടുന്ന ചാർജിങിനായി എടുക്കുന്ന സമയം, രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമുള്ള ബാറ്ററി റീപ്ളേസ്മെൻറ്, തീപിടുത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചു കൊണ്ടാണ് ലാൻഡി ലാൻസോ ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലെത്തുന്നത്. നിലവിലെ എല്ലാ വൈദ്യുത വാഹനങ്ങളും നേരിടുന്ന പ്രധാന പോരായ്മകൾ പരിഹരിച്ച് ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളോടെയാണ് ലാൻഡി ലാൻസോ ഇസഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വാഹൻ പരിവാഹൻ പോർട്ടലിലും ഇത് ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു.

അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്.

ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോർസ് കോർപ്പറേഷന്റെ കൊച്ചിയിലെ നിർമാണ യൂണിറ്റിൽ പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രിക്ക് ബൈക്കിന് പുറമെ ഇലക്ട്രിക്ക് ബസ്, എസ് യു വി, മിനി കാർ നിർമാണ യൂണിറ്റും കേരളത്തിൽ സ്‌ഥാപിക്കും..ഇതിനായി 120 കോടി രൂപ നിക്ഷേപിക്കും.