
ചിതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. പി. ഫൗണ്ടേഷൻ സ്നേഹ വീടിന്റെ ഉദ്ഘാടനം നവംബർ 1 കേരളപിറവി ദിനത്തിൽ മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു.

കെ. പി ഫൗണ്ടേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എ. എസ് ഇക്ബാൽ അധ്യക്ഷനായിരുന്നു.

ഫൗണ്ടേഷൻ സെക്രട്ടറി അനിൽ അഴാവീട് സ്വാഗതം പറഞ്ഞു.ഡോക്ടർ പുനലൂർ സോമരാജൻ, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി അനിൽ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ,ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു,

കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലയിൽ സുരേഷ്, KARD ചെയർമാൻ നടയ്ക്കൽ ശശി, സമുദ്രതീരം, വയോജന കേന്ദ്രം ചെയർമാൻ റുവൽ സിംഗ്, എന്നിവർ സംസാരിച്ചു.

2011 ൽ കേവലം ഒരു സൗഹൃദ കൂട്ടായ്മയായി തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് സമീപത്തെ അഞ്ച് പഞ്ചായത്തിലെ കാരുണ്യ പ്രസ്ഥാനമായി മാറിയത്

.കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിലെ മികച്ച കർഷകൻ, ഒറ്റഞാർകൃഷി, കരനെൽകൃഷി എന്നിവയിലൂടെ നെൽകൃഷിക്ക് പുതു ജീവൻനൽകിയ കർഷകൻ, സാമൂഹിക രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം കൊല്ലം ജില്ലാ സഹകരണബാങ്ക് ഡയറക്ടർ, ചിതറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി ഹയർ സെക്കണ്ടറി സ്കൂൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കെ.പി.കരുണാകരന്റെ സ്മരണ നിലനിർത്തുന്നതിനും, അശരണർക്ക് സഹായമെത്തിക്കാനും വേണ്ടി ഇങ്ങനെ ഒരു ഫൗണ്ടേഷൻ ആരംഭിക്കുകയും തുടർന്ന് 2013 മേയ് മാസത്തിൽ പതിനഞ്ച് പേരടങ്ങുന്ന ഭരണ സമിതി രൂപീകരിച്ചുകൊണ്ട് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു തുടങ്ങിയത്.

ഈ കാലയളവിനുള്ളിൽ മാതൃകപരമായ ഒട്ടനവധി പ്രവർത്തനങ്ങളും പരിപാടികളും ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു.ക്യാൻസർ രോഗികൾക്ക് കേശ ദാനം നൽകുന്ന “സ്നേഹ കേശം” പദ്ധതി, നിരാലംബരായ രോഗികൾക്ക് സൗജന്യ ഔഷധ വിതരണ പദ്ധതി, “ജീവനം”,നിരാശ്രയർക്ക് ആയിരം, അഞ്ഞൂറ് രൂപ നിരക്കിൽ പെൻഷൻ നൽകുന്ന “കൈത്താങ്ങ്”, മാരക രോഗ ബാധിതർക്ക് ചികിത്സ സഹായം “സമാശ്വാസം”,കിടപ്പ് രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം “കനിവ്”, രക്ത ദാന പദ്ധതി “ഹൃദ്യം “, നിർധന കുട്ടികൾക്കുള്ള പഠന സഹായ പദ്ധതി “അക്ഷരക്കൂട്ടം” 100 പേർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട മരണ ഇൻഷുറൻസ് എന്നിവ നാട്ടിലെ പാവപ്പെട്ട നിരവധി കുടുംബങ്ങളിൽ താങ്ങായി മാറി.

അക്ഷര ജ്യോതി ലൈബ്രറിയുടെയും, ഇ-സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.
