പുതിയ പദ്ധതികളിലൂടെ നഷ്ടത്തിന്റെ കണക്ക് പഴങ്കതയാക്കിക്കൊണ്ട് മുന്നോട്ടുകുതിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി എല്ലാ ജില്ലകളിലും വിജയകരമായി തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മറ്റൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകായണ് കെഎസ്ആർടിസി.
കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം ആണ് യാഥാർഥ്യമാകുന്നത്. നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ആരംഭിക്കുകയാണ്. ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി ജോയിന്റ് എം.ഡി പ്രമോജ് ശങ്കർ, കൗൺസിലർമാർ എന്നിവർ പങ്കെടുക്കും.16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടേയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് എത്തിക്കാനാണ് ടിക്കറ്റേതര വരുമാനം മാർഗം ഉണ്ടാക്കാനുള്ള പദ്ധതികൾ ആലോചിച്ച് തുടങ്ങിയത്. ബജറ്റ് ടൂറിസം അങ്ങനെയാണ് ഉണ്ടാവുന്നത്. കെഎസ്ആർടിസി. ഒട്ടുമിക്ക ജില്ലകളിലും ഈ പദ്ധതി വിജയകരമാണ്. കൊല്ലം ഡിപ്പോയുടെ വേനൽക്കാല ബജറ്റ് ടൂറിസം യാത്രകളിലൂടെ കെഎസ്ആർടിസി റെക്കോർഡ് വരുമാനം നേടിയിരുന്നു . ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിച്ച യാത്രകളിൽ നിന്ന് 27 ലക്ഷം രൂപയാണ് വരുമാനം ആയി ലഭിച്ചത്. 48 യാത്രകളിൽ 1200 പേരാണ് പങ്കെടുത്തത്. നെഫെർറ്റിറ്റി കപ്പൽ യാത്ര, ഗവി, മൂന്നാർ, വയനാട്, കുമരകം ബോട്ട് യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര തീർഥാടനം എന്നിവ ഉൾപ്പെടുത്തിയായിരുന്നു പാക്കേജ്. ഇനി മഴക്കാല യാത്രയാണ്.