ലുലു മാളിൽ ഒരുക്കിയ 80 അടിയുടെ ഭീമൻ കാൻവാസിൽ ചിത്രകാരന്മാർ ആറുമണിക്കൂർ കൊണ്ട് സൃഷ്ടിച്ചത് പരിസ്ഥിതി വൈവിധ്യങ്ങളുടെ അപൂർവലോകം. പരിസ്ഥിതിദിനത്തിന്റെ ഭാ​ഗമായാണ് പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീമൻ കാൻവാസ് ഒരുങ്ങിയത്. ഹാർമണി ഇൻ ഹ്യൂസ് എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല വേദിയിൽ കേരള ചിത്രകലാ പരിഷത്തിൽനിന്നടക്കം നാൽപ്പതോളം കലാകാരന്മാർ പങ്കെടുത്തു. ആറുമണിക്കൂറിനുള്ളിൽ ഭീമൻ കാൻവാസിൽ നിറഞ്ഞത് പശ്ചിമഘട്ടത്തിലെ അടക്കം ജൈവവൈവിധ്യങ്ങളുടെ ഭീമൻ ശേഖരം. അപൂർവ ഇനം പക്ഷികൾ, ഉരഗ വർ​ഗത്തിൽപ്പെട്ട ജീവികൾ, പ്രാണികൾ, ഉഭയജീവികൾ, സസ്തനികൾ ഉൾപ്പെടെ കാൻവാസിൽ വൈവിധ്യങ്ങൾ നിറഞ്ഞു. ലോക പരിസ്ഥിതിദിനത്തിൽ ഒരു വലിയ കാൻവാസിൽ ഇത്രയധികം വൈവിധ്യങ്ങൾ പകർത്തുക ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ലുലു മാൾ സിഎസ്ആർ ചീഫ് ആക്ടിവിറ്റി കോ ഓർഡിനേറ്റർ സജിൻ കൊല്ലറ പറഞ്ഞു