കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി മുറിച്ചുനല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂര്‍ ഡി.വൈ.എസ്.പി ബി.വിനോദും കുടുംബവും.
വിനോദിന്റെ ഭാര്യ ജയലക്ഷ്മി വി.ആര്‍., മകന്‍ അര്‍ജ്ജുന്‍, മകള്‍ ആരതി എന്നിവരാണ് പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേശം ദാനം ചെയ്ത് പൊതുസമൂഹത്തിന് മാതൃകയായത്.
അര്‍ജ്ജുന്‍ ഇതിനുവേണ്ടി മാത്രം രണ്ടു വര്‍ഷത്തോളമെടുത്ത് മുടി നീട്ടിവളര്‍ത്തുകയായിരുന്നു. ഏകദേശം 16 ഇഞ്ചോളം നീളമുള്ള മുടി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ച് ഗാന്ധിഭവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അയയ്ക്കുവാനാണ് തീരുമാനം.
അര്‍ബുദം ബാധിച്ച രോഗികള്‍ കീമോതെറാപ്പിക്ക് വിധേയരാകുമ്പോള്‍ മുടി നഷ്ടപ്പെടുകയും ഇത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും അപകര്‍ഷതാബോധം മൂലം രോഗികള്‍ ഏറിയ പങ്കും സ്വയമൊതുങ്ങിക്കൂടുകയും പൊതുസമൂഹത്തെ അഭിമുഖീകരിക്കാതെ ഇരിക്കുകയും ചെയ്യുന്നു. ഇത്തരം രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് ഈ മുടി.