സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കുറച്ച് റോഡുകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറക്കുന്നത്.
726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ 675 എണ്ണം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് , ടൂവീലറിലെ ട്രിപ്പിള്‍ എന്നിവക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണ് എന്നാണ് എഐ ക്യാമറകള്‍ നിരീക്ഷിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ മേധാവി ആര്‍ടിഒ കെ അജിത് കുമാര്‍ പറയുന്നത്
വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനക്ഷമമായ ക്യാമറകളാണ് ഇതെന്നും രാത്രി 12 മണിക്കാണെങ്കിലും സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ അത് പോലും കണ്ടുപിടിക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ള അത്യാധുനിക രീതിയില്‍ ഉള്ള ക്യാമറകള്‍ ഉപയോഗിച്ചാണ് ഇത് ഡിറ്റക്ട് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോമാറ്റിക്ക് ഫോക്കസ് ആയി നമ്പര്‍ പ്ലേറ്റ്, ഉള്ളിലെ യാത്രക്കാര്‍ എന്നിവരുടെ ചിത്രങ്ങളും എടുക്കും,ക്യാമറ ഒപ്പയെടുക്കുന്ന ചിത്രങ്ങള്‍ ഓപ്പറേറ്ററും ഇന്‍സ്‌പെക്ടറും പരിശോധിച്ച ശേഷമായിരിക്കും പിഴ നടപടികളിലേക്ക് കടക്കുക. ഒരു ദിവസം 30000 ചലാനുകള്‍ വരെ ഇത്തരത്തില്‍ അയക്കാനാകും എന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എഐ ക്യാമറകള്‍ ഒരു വട്ടം നിയമലംഘനങ്ങള്‍ പിടികൂടിയാല്‍ ആ ദിവസം തന്നെ പിഴ അടക്കണം. ഓരോ നിയമ ലംഘനത്തിനും വ്യത്യസ്ത പിഴ ഈടാക്കും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാലും പിഴ ഈടാക്കേണ്ടി വരും എന്നതാണ് ഇതില്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യം. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും രക്ഷയില്ല. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം പരിശോധിച്ച് അനുവദനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ പിഴ ചുമത്തും.സ്‌കൂള്‍ മേഖലകളില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ ആണ് പോകേണ്ടത്.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ 50 കിലോമീറ്ററും സംസ്ഥാന പാതയില്‍ കാറുകള്‍ക്ക് 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററുമാണ് അനുവദനീയമായ വേഗത. നാലുവരി പാതയില്‍ 70 കിലോമീറ്ററും ബസ്, ലോറി എന്നീ വാഹനങ്ങള്‍ക്ക് 60 കിലോമീറ്ററും വേഗ പരിധി നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 250 രൂപ പിഴ ഒടുക്കേണ്ടി വരും.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ. അമിതവേഗതയില്‍ കാര്‍ ഓടിച്ചാല്‍ 1500 രൂപയും ടൂവീലറില്‍ രണ്ട് പേരില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചാല്‍ 2000 രൂപയും പിഴ ഒടുക്കേണ്ടി വരും.ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആദ്യം 2000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 4000 രൂപയും പിഴ ഈടാക്കും. അപകടകരമായ ഓവര്‍ടേക്കിംഗിന് ആദ്യപിഴ 2000 രൂപയാണ്. ഇത് ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക് വിടും. .
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയര്‍പോഡ് എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.