സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് 23 മുതൽ പ്രവേശനം അനുവദിക്കാൻ എം.മുകേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. കർശന സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. സഞ്ചാരികൾക്ക് പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും. ഇതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തും.

ഡി.ടി.പി.സി.യിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾക്കു മാത്രമേ തുരുത്തിലേക്ക് സഞ്ചാരികളുമായി പോകാൻ അനുവാദം നൽകൂ. 52 ബോട്ടുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈസൻസും ഇൻഷുറൻസും മറ്റു രേഖകളും പരിശോധിക്കുമ്പോൾ സർവീസിനു യോഗ്യമായ ബോട്ടുകളുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.

ഒരുദിവസം പരമാവധി 15 മുതൽ 20 വരെ ബോട്ടുകൾക്കു മാത്രമേ തുരുത്തിലേക്കു സർവീസ് നടത്താൻ അനുവാദം നൽകൂ. ഒരേസമയം തുരുത്തിൽ പരമാവധി നൂറുപേർക്കു മാത്രമായിരിക്കും പ്രവേശനം. അനധികൃത ബോട്ടുകൾക്കെതിരേ കർശന നടപടി ഉണ്ടാകും. അനധികൃതമായി തുരുത്തിൽ എത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളെ ഓൺലൈൻ ബുക്കിങ് ഇല്ലാതെ തുരുത്തിൽ എത്തിക്കുന്ന ബോട്ടുകൾക്കെതിരേയും നടപടിയുണ്ടാകും.തുരുത്തിലേക്ക് ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്.

മുമ്പ് ഇതു നൂറുരൂപയായിരുന്നു. ജി.എസ്.ടി. ഉൾപ്പെടെയാണ് 150 രൂപ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലായിൽ ഡിങ്കിവള്ളം മറിഞ്ഞ് സ്ത്രീ മരിച്ചതോടെയാണ് തുരുത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷവേളയിൽ തുരുത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഉചിതമായെന്ന് നാട്ടുകാർ പറഞ്ഞു.