രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ ചെമ്മന്തൂരിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. അഗ്നിരക്ഷാവകുപ്പിന്റെ എതിർപ്പില്ലാരേഖ(എൻ.ഒ.സി.)കൂടി ലഭിച്ചുകഴിഞ്ഞാൽ സ്റ്റേഡിയം ഉപയോഗിച്ചുതുടങ്ങാം. അടുത്തമാസം ആദ്യവാരം സ്റ്റേഡിയം നാടിനു സമർപ്പിച്ചേക്കുമെന്ന് അറിയുന്നു.2020 ജൂലായിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. ‘കിഫ്ബി’യിൽനിന്ന് അനുവദിച്ച ആറുകോടി രൂപ ചെലവഴിച്ച് സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും നഗരസഭയും ചേർന്നാണിത് നിർമിച്ചത്. സർക്കാർ ഏജൻസിയായ ‘കിറ്റ്കോ’യ്ക്കായിരുന്നു നിർമാണത്തിന്റെ മേൽനോട്ടച്ചുമതല.സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിന്റെ നിലത്തു പാകാനുള്ള മേപ്പിൾ മരപ്പലകൾ കഴിഞ്ഞ മാസമാണ് അമേരിക്കയിൽനിന്ന് എത്തിയത്. പലക പാകുന്ന ജോലികളും സമയബന്ധിതമായി പൂർത്തിയാക്കിയാണ് സ്റ്റേഡിയം ഇപ്പോൾ തുറക്കാനായി സജ്ജമാക്കിയിട്ടുള്ളത്. അവശേഷിച്ച ഏതാനും ചെറിയ മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്.