ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്ന് തടാകം സന്ദർശിച്ച കലക്ടർ അഫ്‌സാന പർവീൺ പറഞ്ഞു. അടിയന്തരയോഗം ചേർന്ന് ഹ്രസ്വ,- ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകും.

സ്ഥിതിവിവരം പരിശോധിക്കുന്നതിനായി സന്ദർശനം നടത്തവെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സാന്നിധ്യത്തിൽ തടാകം സംരക്ഷണത്തിനുള്ള പുതുമാർഗങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും.  

ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളേജ്‌റോഡ്, പുന്നമൂട് കായൽ ബണ്ട്, ആദിക്കാട് തുടങ്ങിയ സ്ഥലങ്ങളും കലക്ടർ സന്ദർശിച്ചു. ജലവിതരണ പദ്ധതിക്കായി ഇറക്കിയ പൈപ്പിലെ മാലിന്യം തടാകത്തിൽ കലരുന്നുണ്ടോയെന്ന് പരിശോധിക്കാൻ  ജലത്തിന്റെ സാമ്പിൾ വിനിയോഗിക്കണമെന്ന് നിർദേശിച്ചു. കായൽസംരക്ഷണത്തിനായി വേലികെട്ടൽ, ടൂറിസം വികസനം, റവന്യു ഭൂമി സംരക്ഷണം, മാലിന്യപ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി. 

ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത, തഹസിൽദാർമാരായ എസ് ചന്ദ്രശേഖർ, സുനിൽ ബേബി, ശാസ്താംകോട്ട ഡിവൈഎസ്‌പി എസ് ഷെരീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

error: Content is protected !!