കാർഷിക സർവ്വകലാശാലയുടെ 54 മത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സർവകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് നൽകിവരുന്ന പുരസ്കാരം ഈ വർഷം വെള്ളായണി കാർഷിക കോളേജിന് ലഭിച്ചു. കാർഷിക സർവ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദിൽ നിന്നും കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ പുരസ്കാരം ഏറ്റുവാങ്ങി. ഇത് കൂടാതെ അധ്യാപന, ഗവേഷണ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകർക്കും അംഗീകാരം ലഭിക്കുകയുണ്ടായി. സർവകലാശാലയിലെ മികച്ച അധ്യാപികയായി തെരഞ്ഞെടുത്ത ഡോ. അമീന എം, ഏറ്റവും കൂടുതൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഡോ. ബീന ആർ.,
തീറ്റപുല്ലിന്റെ പുതിയ ഇനമായ ‘സുപർണ്ണ’ വികസിപ്പിച്ചതിന് നേതൃത്വം നൽകിയ ഡോ. ഉഷ സി. തോമസ്, ഡോ. മെറിൻ എബ്രഹാം, ഡോ. സുമഭായ്, ഡോ. ഷാരു. ആർ., ഡോ. ജി. ഗായത്രി, നിരയായി നടുന്ന വിളകളിൽ കൃത്യമായി കളനാശിനി തളിക്കുന്നതിന് സഹായിക്കുന്ന ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്ലിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് ഭാരത സർക്കാരിൻറെ പേറ്റന്റ് ലഭിച്ച ഡോ. ഷീജ കെ രാജ്, ഡോ. ജേക്കബ് ഡി., ഡോ. ശാലിനി പിള്ളൈ, ഗവേഷണ വിദ്യാർത്ഥികളായ ധനു ഉണ്ണികൃഷ്ണൻ, അനിറ്റ റോസാ ഇന്നസെന്റ്, കൃഷ്ണശ്രീ രാധാകൃഷ്ണൻ, ശീതൾ റോസ് ചാക്കോ എന്നിവർക്കാണ് വെള്ളായണി കാർഷിക കോളേജിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ചത്.
കൂടാതെ മികച്ച വിദ്യാർത്ഥികൾക്കുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഫെലോഷിപ്പുകളും മോണ്ടെലസ് ഇന്ത്യയുടെ സ്കോളർഷിപ്പും ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കാർഷിക സർവ്വകലാശാലയിൽ 25 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപക അനധ്യാപക ജീവനക്കാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.