കോഴിക്കോട്: പ്രപഞ്ചമുണ്ടായതിനു ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ ഇന്ന് ശാസ്ത്രത്തിന് കൃത്യമായി അറിയാമെന്ന് ഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പൗലോസ് തോമസ്. മതവിശ്വാസികളുമായി നേരിട്ട് സംവദിക്കുന്ന എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ചു സംഘടിപ്പിച്ച ലിറ്റ്മസ്24ലെ ഒറിജിന്‍ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ശാസ്ത്രം കണ്ടെത്തിയ മൈക്രോ വേവ് ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ മറ്റ് പ്രാപഞ്ചിക നിരീക്ഷണങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രപഞ്ച പഠനം നടക്കുന്നത്. പ്രപഞ്ചോത്ഭവ സമയത്തുള്ള അവസ്ഥ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലുള്ള (സിഇആര്‍എന്‍) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലെയുള്ള പരീക്ഷണ ശാലകളില്‍ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് ഇന്ന് സാധിച്ചിണ്ടെന്നും പൗലോസ് തോമസ്.
പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ചാക്രികമായ ഒരു പ്രാപഞ്ചിക പരിണാമത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. നിലവില്‍ അത്രയേറെ തെളിവുകള്‍ ഇതുമായി ബന്ധപ്പെട്ടു ശാസ്ത്രത്തിനു ലഭ്യമായിട്ടുണ്ട്.
പ്രപഞ്ചം വികസിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗാലക്സികള്‍ തമ്മില്‍ അകലുക എന്നതല്ല. മറിച്ച് ഗാലക്റ്റിക് ക്ലസ്റ്ററുകള്‍ (ഗാലക്സികളുടെ കൂട്ടം) തമ്മിലാണ് അകലുന്നത്. മനുഷ്യനെ സംബന്ധിച്ച് ഭൂമി ഇന്ന് ഒരു അവസാന വാക്കല്ല. മറ്റ് ഗ്രഹങ്ങളിലും മനുഷ്യവാസം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ശാസ്ത്രലോകം പൗലോസ് പറഞ്ഞു.


മതസിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിലെ ഒരു ചെറിയ പാറക്കല്ലായ ഭൂമിയെ സൃഷ്ടിക്കാന്‍ ദൈവം നാലു ദിവസമെടുത്തു. കോടാനുകോടി ഗാലക്സികളും തമോഗര്‍ത്തങ്ങളും സൃഷ്ടിക്കാന്‍ ദൈവത്തിന് അത്രയും സമയം വേണ്ടി വന്നില്ലെന്നു സഹ പാനലിസ്റ്റും സ്വതന്ത്ര ചിന്തകനുമായ നിഷാദ് കൈപ്പള്ളി പറഞ്ഞു. ശാസ്ത്രം എത്ര വലിയ കണ്ടു പിടുത്തങ്ങള്‍ നടത്തിയാലും ചെറിയൊരു ഗ്യാപില് ദൈവത്തെ കുടിയിരുത്താനാണ് വിശ്വാസികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാകേഷ് വി. മോഡറേറ്ററായിരുന്നു.