കേരള സ്‌കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും തിരുവനന്തപുരത്ത് നിർവഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ ‘തക്കുടു’ ആണ്.സവിശേഷ കഴിവുകൾ ഉള്ള കുട്ടികളേയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രത്യേകതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് സ്‌കൂൾ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്.

മേളയിൽ 20000 ത്തിലധികം കായിക പ്രതിഭകളും സവിശേഷ കഴിവുള്ള രണ്ടായിരത്തോളം കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്. ഈ വർഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് . സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാൻ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

നവംബർ 4 മുതൽ 11വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്. സമാപനം നവംബർ11 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്‌കൂളുകളിൽ കുട്ടികൾക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. പുതിയ കാലത്തെ കായിക പ്രതിഭകളെ കണ്ടെത്താനുള്ള മേളക്ക് എറണാകുളത്ത് ക്രമീകരണങ്ങൾ അതിവേഗം പൂർത്തീകരിക്കുകയാണെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!