മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം യാഥാർഥ്യമാകുന്നു. 9446 700 800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക് അറിയിക്കാം.

കൂടാതെ, പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ പൊതുജനങ്ങൾക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻറെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്.

സംസ്ഥാനത്ത് എവിടെ നിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്. നിർദിഷ്ട വാട്സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിൻറെ പേര്, വാഹന നമ്പർ, ഒപ്പം ഫോട്ടോകളും, ലൊക്കേഷൻ വിശദാംശങ്ങളും സഹിതം പരാതി അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ലഭ്യമാകും.

മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും, അത് വഴി ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനുമാണ്, സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സൗകര്യം പൊതുജനങ്ങൾക്കായി ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകൾ ആണ് നിലവിൽ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകൾ മനസ്സിലാക്കി പരാതികൾ അറിയിക്കുക എന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സേവനം ലഭ്യമാക്കുന്നത്.

ഇതിനായി ഒരു മൊബൈൽ അപ്ലിക്കേഷൻ തയാറാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ സംസ്ഥാനത്തൊട്ടാകെ പരാതി അറിയിക്കുന്നതിന് 1034 തദ്ദേശ സ്ഥാപനങ്ങൾക്ക് അത്രയും തന്നെ എണ്ണം വാട്സാപ്പ് നമ്പറുകൾക്ക് പകരം ഒരു പൊതു സംവിധാനം ഉണ്ടാവുകയും ആ സംവിധാനത്തിന്റെ പ്രചാരണം എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യുന്നു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ