സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരാതിക്കാരന് വൈകിയെങ്കിലും നീതിലഭിച്ചു, വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പകര്‍പ്പിന്റെ തുക അടയ്ക്കാനുള്ള ‘ശിക്ഷ’യും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. എ. എ. ഹക്കിം, ടി. കെ. രാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ സിറ്റിംഗിലാണ് നടപടി.

രണ്ടു വര്‍ഷം മുമ്പാണ് പരാതിക്കാരനായ കരുനാഗപ്പള്ളി, കുലശേഖരപുരം സ്വദേശി കെ. യോഗീന്ദ്രന്‍പിള്ള കൊല്ലം ആര്‍. ഡി. ഒ കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്. അപ്പീല്‍ അധികാരിയില്‍ നിന്ന്‌പോലും നീതിലഭിക്കാതെ കാലതാമസം അധികരിച്ച പശ്ചാത്തലത്തിലാണ് കമ്മിഷന് പരാതി നല്‍കിയത്.

തുടര്‍ന്നാണ് സിറ്റിംഗിലേക്ക് ആര്‍. ഡി. ഒയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞശേഷം ഉദ്യോഗസ്ഥതല വീഴ്ച കണ്ടെത്തിയത്. നൂറിലധികം പേജുകളുള്ള മറുപടിയുടെ പകര്‍പ്പ് നല്‍കുകവഴി സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക കാര്യാലയത്തിലെ വിവരാവകാശ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.

വിവരാവകാശത്തിന് നല്‍കേണ്ട മറുപടി പരമാവധി കാലാവധിയായ 30 ദിവസം വരെ നീട്ടിക്കൊണ്ടുപോകുന്നത് അകാരണമായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍മാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കാരെ വിളിച്ചുവരുത്താനോ അവരുടെ വിവരങ്ങള്‍ ആരായുന്നതിനോ അവകാശമില്ല,

ജനാധിപത്യസംരക്ഷണത്തിനെന്ന ബോധ്യത്തോടെ സേവനനതത്പരരായി വിവരാവകാശ നിയമപാലനം ഉറപ്പാക്കണമെന്നും പറഞ്ഞു. അതുപോലെ പരാതിക്കാര്‍ വിവരങ്ങള്‍ നേടുന്നതിനുള്ള അവകാശം ദുരുപയോഗം ചെയ്യരുതെന്നും ഓര്‍മിപ്പിച്ചു. ആകെ 10 കേസുകളാണ് പരിഗണിച്ചത്.

error: Content is protected !!