വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്ന‌റുമായി എത്തുന്ന കപ്പലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനായി എത്തിച്ച ടഗ്ഗിന്റെ ശേഷി പരിശോധന വ്യാഴാഴ്ച നടക്കും.  തുറമുഖത്തിന് സമീപമുള്ള ബൊള്ളാർഡ് പുൾ ടെസ്റ്റിങ്‌ കേന്ദ്രത്തിൽ രാവിലെ പത്തിനാണ്‌ പരിശോധന നടക്കുക. ഇതിനായി ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗ് നങ്കൂരമിട്ടു. ടഗ്ഗും ബൊള്ളാർഡും തമ്മിൽ പോളിപ്രൊപ്പലൈൻ വടം ഉപയോഗിച്ച് ബന്ധിച്ചാണ് ശേഷി പരിശോധന.

തിരുവനന്തപുരത്തെ വാട്ടർ ലൈൻ ഷിപ്പിങ്‌ ആൻഡ്‌ ലോജിസ്റ്റിക് പ്രെെ.  ലിമിറ്റഡ് കമ്പനി നേതൃത്വത്തിലാണ് പരിശോധന.     ഇത്‌ പൂർത്തിയാക്കിയാൽ ഈ ടഗ്ഗാകും തുറമുഖത്തേക്ക് കണ്ടെയ്നറുമായി എത്തുന്ന ആദ്യ കപ്പലിന് ബെർത്തിനുള്ളിലേക്ക് വഴികാട്ടിയാകുക. കപ്പലടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം കാരണം അടുത്ത മാസത്തേക്ക് മാറ്റി.    അടുത്ത മാസം ആദ്യ ആഴ്ച കപ്പലെത്തുമെന്നാണ് സൂചന. ഷിപ്പ്‌ ലൈനേഴ്സ് കമ്പനികളായ എംഎസ്‌‌സി, മെർക്, എപിഎം, വൺലൈൻ തുടങ്ങിയ കമ്പനികൾ വിഴിഞ്ഞത്തേക്കു വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.