കാഷ്യൂ ബോർഡ്‌ ആഫ്രിക്കൻ രാജ്യമായ ഗിനിബസാവോയിൽനിന്ന്‌ വാങ്ങുന്ന 5450 ടൺ തോട്ടണ്ടിയിൽ 3300 ടൺ തൂത്തുക്കുടി തുറമുഖത്ത് എത്തി. ബാക്കിയുള്ളവ മറ്റൊരു കപ്പലിൽ ഈയാഴ്ചതന്നെ എത്തും. തുറമുഖത്തുനിന്ന് തോട്ടണ്ടി രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും ഫാക്ടറികളിലേക്ക് എത്തും. ഇതോടെ പൊതുമേഖലാ കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഇക്കൊല്ലം പൂർണമായും തൊഴിൽ ഉറപ്പാകും. കാഷ്യൂ കോർപറേഷനിലെ 30 ഫാക്ടറിയിലായി  12,000 തൊഴിലാളികളും കാപ്പക്‌സിൽ പത്തു ഫാക്ടറിയിലായി 4500 തൊഴിലാളികളുമാണ് ജോലി ചെയ്യുന്നത്. 

തോട്ടണ്ടി വിദേശരാജ്യങ്ങളിൽനിന്നു ലഭിക്കാത്തിനെ തുടർന്ന് ഫാക്ടറികൾ പ്രവർത്തിക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മാർച്ച് മുതൽ ഫാക്ടറികൾ തുടർച്ചയായി തൊഴിലാളികൾക്ക് തൊഴിൽ നൽകാനാകുന്ന നിലയിൽ തുറക്കാനായത്. കാഷ്യൂ കോർപറേഷൻ, കാപ്പക്സ്‌ ഫാക്ടറികൾക്ക്‌ തോട്ടണ്ടി വാങ്ങാൻ കാഷ്യൂ ബോർഡിന്‌ സംസ്ഥാന സർക്കാർ 43.55 കോടി രൂപ അനുവദിച്ചിരുന്നു. 2023 മാർച്ച്‌ മുതൽ ഇതുവരെ കാഷ്യൂ ബോർഡ്‌ 8700 ടൺ തോട്ടണ്ടിവാങ്ങി. മൊസാംബിക്‌, ഘാന എന്നിവിടങ്ങളിൽനിന്ന്‌ വാങ്ങിയ ഈ തോട്ടണ്ടി ഉപയോഗിച്ചാണ്‌ കാഷ്യൂ കോർപറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ പ്രവർത്തിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കർഷകരിൽനിന്ന് നാടൻ തോട്ടണ്ടി സംഭരിച്ചും ഫാക്ടറികളിലേക്ക്‌ എത്തിച്ചിരുന്നു. 114 രൂപയ്‌ക്കാണ് തോട്ടണ്ടി സംഭരിച്ചത്.

സ്വകാര്യ ഫാക്ടറികളിൽ നൂറിൽ താഴെ മാത്രം പ്രവർത്തിക്കുമ്പോഴാണ് പൊതുമേഖലയിലെ ഫാക്ടറികൾ തൊഴിൽമുടങ്ങാതെ സജീവമായി പ്രവർത്തിക്കുന്നത്.  കേന്ദ്രനയങ്ങൾ കശുവണ്ടി വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഇടപെടലിൽ തൊഴിൽ ഉറപ്പാക്കുന്നത്. തൊഴിലാളികൾക്ക് മികച്ച നിലയിൽ ബോണസും ഇത്തവണ ഉറപ്പാക്കി. 20 ശതമാനം ബോണസും അഡ്വാൻസ്‌ 10,000 രൂപയുമായാണ് വർധിപ്പിച്ചത്‌. കാഷ്യൂ കോർപറേഷനിലെയും കാപ്പക്സിലെയും 16,500 കശുവണ്ടിത്തൊഴിലാളികൾക്കാണ്‌ വർധിപ്പിച്ച ബോണസ്‌ അഡ്വാൻസ്‌ ലഭിച്ചത്. 2019നുശേഷം ആദ്യമായാണ്‌ അഡ്വാൻസിൽ 500 രൂപയുടെ വർധന.