
ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഒരു കോടി വൃക്ഷത്തൈകള്‍ സംസ്ഥാനത്ത് നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ക്യാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 4,80,000 തൈകള്‍ നടുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്രമായ വൃക്ഷവത്ക്കരണമാണ് ലക്ഷ്യം.
സോഷ്യല്‍ ഫോറസ്ട്രി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്രം, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, എന്‍.എസ്.എസ്, എസ്.പി.സി, എസ്.പി.സി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ഫാമിങ് സിസ്റ്റം റിസര്‍ച്ച് സ്റ്റേഷന്‍, ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയേഷന്‍, ആരാധനാലയങ്ങള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, സ്വകാര്യ നഴ്സറികള്‍, സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവ ഏകോപിപ്പിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്തില്‍ 6000, നഗരസഭകളില്‍ 10,000, കോര്‍പ്പറേഷനില്‍ 25,000 തൈകള്‍ എന്നീ ക്രമത്തിലാണ് വൃക്ഷവത്ക്കരണം നടത്തുക.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഐസക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

