കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ മൂന്നാം പതിപ്പിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

ടീം പിഎന്‍ആര്‍, സ്റ്റേഡിയം റണ്ണേഴ്സ്, ലെമണ്‍ ട്രീ ക്ലബ് എന്നിവയുള്‍പ്പെടെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകള്‍ റോഡ് ഷോയില്‍ സജീവമായി പങ്കെടുക്കുകയും മാരത്തോണിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. റോഡ്ഷോയുടെ ഭാഗമായി കാണികള്‍ക്കായി നടത്തിയ ‘ഫ്രീ കിക്ക്’ ചലഞ്ച് കാണികളില്‍ ആവേശം പടര്‍ത്തി. ചലഞ്ചിലെ വിജയിക്ക് ഒരു പ്രത്യേക മാരത്തണ്‍ ജേഴ്സി സമ്മാനിച്ചു.

മാരത്തോണിന്റെ ഭാഗമായി സംഘാടകര്‍ ഇതാദ്യമായി ഓട്ടക്കാര്‍ക്കായി സൗജന്യ പരിശീലന സെഷനുകള്‍ നടത്തുന്നുണ്ട്. രാജേന്ദ്ര മൈതാനത്ത് ഫെബ്രുവരി 6 വരെ ദിവസവും രാവിലെ 6:30 മുതല്‍ 7:30 വരെയായിരിക്കും പരിശീലന സെഷനുകള്‍ നടക്കുക. മുംബൈയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ ഒരു സംഘമാണ് ഈ സെഷനുകള്‍ നടത്തുന്നത്. ശാരീരിക ക്ഷമത, കരുത്ത്, കണ്ടീഷനിംഗ്, ഓട്ട രീതികള്‍, വാം-അപ്പ് റുട്ടീനുകള്‍ എന്നിവയുള്‍പ്പെടെ മാരത്തോണ്‍ തയ്യാറെടുപ്പിന് ആവശ്യമായ കാര്യങ്ങളില്‍ ഊന്നിയുള്ളതാണ് പരിശീലനമെന്ന് ആനന്ദ് മെനെസസ് പറഞ്ഞു. മാരത്തോണ്‍ ഓട്ടക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്നതിന് ഘടനാപരമായ പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാരത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഈ പരിശീലന സെഷനുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അനീഷ് പോള്‍ പറഞ്ഞു.

അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 2025 ഫെബ്രുവരി 9 ന് മറൈന്‍ ഡ്രൈവിലാണ് നടക്കുക. സുസ്ഥിരഭാവി ലക്ഷ്യമാക്കി സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് മാരത്തോണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, www.kochimarathon.in സന്ദര്‍ശിക്കുക.