മലയാളിക്ക്  ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ട് വീതം  2140 വിപണന മേളകളും  14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ കുടുംബശ്രീയുടേതായി ഉണ്ടാകും.

 ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട്  ലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകൾക്ക് 20,000 രൂപ വീതവും നൽകും. ഇതു കൂടാതെ  നഗര സി.ഡി.എസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും  നൽകും.

ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരുൽപന്നമെങ്കിലും മേളകളിൽ എത്തിക്കും.  സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളാണ് പ്രധാനമായും മേളയിലെത്തുക. ‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ വിപണിയിലുണ്ടാവും.  വിവിധ തരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ലഭിക്കും.

 ഓണച്ചന്തയിലെത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ, പായ്ക്കിങ്ങ്, യൂണിറ്റിന്റെ പേര്, വില, ഉൽപാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബൽ ഉണ്ടാകും. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളും മേളയിലെത്തിക്കും.  കുടുംബശ്രീ ഓണച്ചന്തകൾക്ക് നിറപ്പകിട്ടേകാൻ കുടുംബശ്രീ കർഷകർ ഉത്പാദിപ്പിച്ച ജമന്തി, ബന്ദി,മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും.

 വിപണന മേളയോടനുബന്ധിച്ച് മിക്ക സി.ഡി.എസുകളിലും അയൽക്കൂട്ട അംഗങ്ങളുടെയും   ബാലസഭാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വിപണന മേള 14ന് സമാപിക്കും.