
കുമ്മിൾ കമലവിലാസത്തിൽ ചുവപ്പുവസന്തം പെയ്യിച്ച് ‘റെഡ് ജേഡ് വൈൻ’പൂത്തുലഞ്ഞു. കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ചെടിയാണ് ഫിലിപ്പൈന്‍സിൽ നിന്നുള്ള ഈ സുന്ദരി. അപൂർവമായ പൂക്കളെക്കുറിച്ചുള്ള നിരന്തര അന്വേഷണത്തിന് ഒടുവിൽ കൊല്ലം കടക്കൽ സ്വദേശികളായ സിവിൻ ശിവദാസും ഭാര്യ വൃന്ദയും വീട്ടിലേക്കെത്തിച്ചതാണീ ചെടി.
രണ്ടുവർഷത്തിനു മുമ്പ് തിരുവനന്തപുരത്ത് നിന്നാണ് ചെടിയുടെ തൈ വാങ്ങിയത്. പടർന്നുകയറാനായി കമ്പികൾ ഉപയോഗിച്ചു പന്തലിട്ട് കൊടുത്തു. ഇപ്പോഴിത് ശരിക്കുമൊരു പൂപ്പന്തലായി മാറി. നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാകുന്നത്. ഒരുകുലയിൽ 50 പൂക്കളുണ്ടാകും. നമ്മുടെ കാലാവസ്ഥയിൽ റെഡ് ജേഡ് വൈൻ വളരുമെങ്കിലും അധികം പൂക്കളുണ്ടാകുന്നത് അപൂർവമാണ്..

“ഫ്ലെയിം ഓഫ് ഫോറസ്റ്റ്’ എന്നാണ് ചെടി അറിയപ്പെടുന്നത്. സൗത്ത് പസഫിക് മേഖല, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ചെടിയുടെ പൂക്കൾ കാണുമ്പോൾ തന്നെ ഏവർക്കും കൗതുകമാണെന്നും അതിനായി നിരവധിപേര്‍ എത്തുന്നുണ്ടെന്നും വൃന്ദ പറഞ്ഞു. വൃന്ദാവനം പ്ലാന്റ് ഹബ് എന്ന പേരിൽ ഓൺലൈനിൽ വ്യാപാരം നടത്തുന്ന സിവിന്റെയും വൃന്ദയുടെയും വീട്ടിൽ കേരളത്തിൽ അപൂർവമായി കാണുന്ന ധാരാളം ചെടികളുണ്ട്.


