യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്. വിദ്യാര്‍ത്ഥികളുടെ യാത്രസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു ചേംബറില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ നിരക്ക്, സമയക്രമം, പരാതി ബോധിപ്പിക്കുന്നതിനുള്ള നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കേണ്ടതാണ്. യാത്രാ കണ്‍സഷനുമായി ബന്ധപ്പെട്ട പരാതികള്‍ 0474-2993335 നമ്പറില്‍ അറിയിക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഇളവ് അനുവദിക്കുന്നത് 27 വയസ്സുവരെ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് അതത് ആര്‍ ടി ഒ, ജോയിന്റ് ആര്‍ ടി ഒമാരില്‍ നിന്നും ലഭിക്കും.
ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും ഐ.ടി.സി, പോളിടെക്‌നിക് എന്‍ജിനീയറിങ് എന്നീ സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനമേധാവികള്‍ നല്‍കുന്ന ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്രഇളവ് അനുവദിക്കുന്നതാണ്.


വിദ്യാഭ്യാസ സ്ഥാപനം മുതല്‍ വിദ്യാര്‍ത്ഥിയുടെ താമസസ്ഥലംവരെ പരമാവധി 40 കിലോമീറ്റര്‍ യാത്രാഇളവ് ലഭിക്കും. എല്ലാ സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തേണ്ടതും അര്‍ഹമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ നല്‍കേണ്ടതുമാണ്. കണ്‍സഷന്‍ സമയപരിധി രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെയായി അനുവദിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.


വിവിധ കോളേജുകള്‍, ഐ ടി സി, പോളിടെക്‌നിക് പ്രതിനിധികള്‍, സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പോലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!