
കൊല്ലം ജില്ല 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവൻ സ്മാരക ടൗൺഹാളിൽ വൈകിട്ട് നാലിന് തിരിതെളിയും. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളിൽ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ പറഞ്ഞു. താൽക്കാലിക സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 1 നാണ് ജില്ല രൂപീകൃതമായത്. കല, സാംസ്കാരിക, പൈതൃക, പാരമ്പര്യ, സാഹിത്യ മേഖലകളുടെ പ്രത്യേകതകളാണ് ആഘോഷത്തിന്റെ മുഖമുദ്രയാകുക.
ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുള്ള പരിപാടികൾ, കശുവണ്ടി വ്യവസായം, നാടകം, കഥാപ്രസംഗം, സഞ്ചാരത്തിനുള്ള പ്രാധാന്യം ഒക്കെ ചർച്ച ചെയ്യപ്പെടണം. സമസ്ത മേഖലകളും സ്പർശിക്കുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മന്ത്രി ജെ ചിഞ്ചു റാണി ജില്ലയുടെ സവിശേഷതകൾ ജനസമക്ഷം എത്തിക്കാനാകണമെന്ന് വ്യക്തമാക്കി. 75 വർഷത്തെ ചരിത്രം എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിയാനുള്ള അവ സരമാക്കണം. എല്ലാവരുടേയും പങ്കാളിത്തമാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം താത്ക്കാലിക കമ്മിറ്റി രൂപീകരിച്ചു.ചെയർമാൻ ധനകാര്യ മന്ത്രി, മുഖ്യ രക്ഷാധികാരികൾ മൃഗസംരക്ഷണ – ഗതാഗത വകുപ്പ് മന്ത്രിമാർ, എം.പിമാർ, എം.എൽ. എ മാർ എന്നിവരും വൈസ് ചെയർപേഴ്സരായി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും കൺവീനറായി ജില്ലാ കലക്ടർ, ജോയിന്റ് കൺവീനർ ആയി ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ് പ്രവർത്തിക്കുക.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ എം.മുകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജില്ലാ കലക്ടർ എൻ. ദേവിദാസ്, സിറ്റി പൊലിസ് കമ്മിഷണർ വിവേക് കുമാർ, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, റൂറൽ എസ്.പി സാബു മാത്യു, ഡെപ്യൂട്ടി കലക്ടർമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പങ്കെടുത്തു. മുൻമന്ത്രി ജെ. മെഴ്സി കുട്ടിയമ്മ ഉൾപ്പടെ പ്രമുഖർ ഓൺലൈനായി പങ്കെടുത്തു.

