കൊച്ചി: മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. മരട് ന്യൂക്ലിയസ് മാളില്‍ നടന്ന ചടങ്ങില്‍ ബോധിനിയുടെ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള നിസഹായവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന ബോധിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷാ നിയമങ്ങള്‍, ജീവിതശൈലിയില്‍ ഉറക്കത്തിന്റെ പ്രാധാന്യം, ഡിജിറ്റല്‍ വെല്‍നസ് തുടങ്ങിയവ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തയ്യാറാക്കിയ റിസോഴ്‌സ് മെറ്റീരിയല്‍സ് അദ്ദേഹം പ്രകാശനം ചെയ്തു.
ക്യാംപയിന്റെ ഭാഗമായി പോക്സോ അതിക്രമങ്ങളില്‍പ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ പ്രതിപാദിക്കുന്ന പോസ്റ്ററിന്റെ പ്രകാശനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. വീടുകളില്‍ നിന്ന് പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുന്ന ഇക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇരകള്‍ക്ക് കൈത്താങ്ങാകുവാനും അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പറഞ്ഞു. ബോധിനിയുടെ പ്രവര്‍ത്തനത്തിന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എല്ലാ പിന്തുണയും നല്‍കുന്നതായും പോസ്റ്റര്‍ സംസ്ഥാനത്തെ എല്ലാ കോടതികളിലും പ്രസിദ്ധപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ജോഷി ജോണ്‍, വിക്ടിം റൈറ്റ്‌സ് സെന്ററിന്റെ (വി ആര്‍ സി) പ്രതിനിധിയായ അഡ്വ. പാര്‍വതി സഞ്ജയ്ക്ക് പോസ്റ്റര്‍ കൈമാറി. വി ആര്‍ സി ഹെല്‍പ് ലൈന്‍ നമ്പര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക, അതിജീവനം സാധ്യമാക്കുക, അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ബോധിനി പോസ്റ്റര്‍ പുറത്തിറക്കിയത്. ചടങ്ങില്‍ സൈബറിടങ്ങളിലെ സുരക്ഷയെ സംബന്ധിച്ചുള്ള കുട്ടികളുടെ പതിവ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി യൂനിസെഫിന്റെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ ലഘുലേഖ തിരുവനന്തപുരം ഡിഐജി ആര്‍. നിശാന്തിനി ഐപിഎസ് പ്രകാശനം ചെയ്തു. സൈബര്‍ മേഖലയില്‍ എങ്ങനെ സുരക്ഷിതമാകാമെന്നും മാനസികാരോഗ്യത്തെ ബാധിക്കാതെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കാമെന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദേശം അടങ്ങിയ ലഘുലേഖ കുട്ടികള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ പറഞ്ഞു.
സൈബര്‍ സുരക്ഷ ബോധവത്കരണം സംബന്ധിച്ച ബോധിനി ബ്രോഷര്‍ ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ സി. ബാലഗോപാല്‍ പുറത്തിറക്കി. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍, കേരളാ സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കോണ്‍സിലിയേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജുബിയ എ, മേരി ജോര്‍ജ്ജ്, സലിം മണവാളന്‍, സീനിയര്‍ സൈക്യാട്രിസ്റ്റ് സി.ജെ ജോണ്‍, ഡോ.സബിന്‍ വിശ്വനാഥ് തുടങ്ങിയവരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം 450 ആശാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക ബോധവത്കരണ ക്ലാസ്സും നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രോഹിണി, ആശാ കോര്‍ഡിനേറ്റര്‍ സജന എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ സെഷന്‍ സംഘടിപ്പിച്ചത്.
സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വെല്‍നസ് എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി പൊതുജനങ്ങളും ക്യാംപയിനില്‍ പങ്കുചേരണമെന്ന് ബോധിനി ട്രസ്റ്റ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ സുരക്ഷാ, ഡിജിറ്റല്‍ വെല്‍നസ് എന്നീ വിഷയങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാനായി https://www.bodhini.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.