തൃശൂർ: ​ഗുരുവായൂരപ്പന് സ്വർണക്കിരീടം വിഷുക്കൈനീട്ടമായി നൽകി ദമ്പതികൾ. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്. വിഷുദിനത്തിൽ ​ഗുരുവായൂരപ്പന് ചാർത്തേണ്ടതിനാൽ ഇന്നലെ തന്നെ രാമചന്ദ്രനും ഭാര്യയും കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചു.

വിഷു തലേന്ന് ദീപാരാധന കഴിഞ്ഞായിരുന്നു കിരീട സമർപ്പണം. തങ്ക കിരീടത്തിന് 160.350 ഗ്രാം തൂക്കമുണ്ട്. ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.