
തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധനയുമായി തൊഴിൽ വകുപ്പ്. മുന്നൂറോളം നിയമലംഘനങ്ങളാണ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ ആണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ 82 ഷോറൂമുകളിലാണ് പരിശോധന നടത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
ജോലി സ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും പരിശോധന നടത്തി. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 3724 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും നരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.

