മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്. സന്നിധാനത്തെ അത്താഴപൂജക്ക് ശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നതാണ്. മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം, തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിലേക്ക് ദേവ ചൈതന്യം ആവാഹിക്കും. തുടർന്ന് താളമേളങ്ങളുടെയും തീവട്ടിയുടെയും അകമ്പടിയോടെയാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കുക. നായാട്ടുവിളിക്ക് ശേഷം തീവെട്ടി അണച്ച് താളമേളങ്ങൾ ഒഴിവാക്കുന്നതാണ്. ഇതിനുശേഷമാണ് മടക്കയാത്ര നടക്കുക.
ഇന്ന് രാവിലെ 9 മണിയോടെ നെയ്യഭിഷേകം സമാപിക്കും. നാളെ രാത്രി 10 മണി വരെയാണ് ഭക്തർക്ക് ദർശനത്തിനുള്ള അനുമതി. നട അടച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ വലിയ ഗുരുതി നടക്കും. 21ന് ശേഷം തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുകയില്ല. 21ന് പുലർച്ചെ 5:00 മണിക്ക് നട തുറക്കുകയും, 5:30-ന് തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യും. തുടർന്ന് അയ്യപ്പനെ ഭസ്മ വിഭൂഷിതമാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നട അടയ്ക്കും
മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് രാജപ്രതിനിധിക്ക് ക്ഷേത്രത്തിന്റെ താക്കോൽക്കൂട്ടവും പണക്കിഴിയും നൽകുന്നതാണ്. അടുത്ത ഒരു വർഷത്തെ പൂജാദികർമ്മങ്ങൾ നോക്കി നടത്തുന്നതിനായി നിർദ്ദേശിച്ച് അവ മേൽശാന്തിക്ക് തന്നെ മടക്കി നൽകും. ഇതോടെ, ഈ വർഷത്തെ ചടങ്ങുകൾ പൂർത്തിയാക്കി രാജപ്രതിനിധി തിരുവാഭരണവുമായി പന്തളത്തേക്ക് മടങ്ങുന്നതാണ്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL