
നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.
വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. 2024 ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു.
പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം ആഗസ്റ്റ് മാസം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസം നടത്തും. സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിനും നടത്തും.
യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.




