കൊച്ചി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരത്തിന് രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിലൊന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി അര്‍ഹമായി. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളര്‍ത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിന്‍ യൂണിവേഴ്സിറ്റിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും സംഘടനകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം. കേന്ദ്ര സ്പോര്‍ട്സ് സെക്രട്ടറി സുജാത ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ നിര്‍ണയിച്ചത്.

ഈ മാസം 9-ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

30-ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്‌സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചിയില്‍ ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നുണ്ട്.