കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 2024ന്റെ ഭാഗമായി പ്രമോ റൺ സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ പ്രമോ റണ്ണിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം മാധ്യമ പ്രവർത്തകർ പങ്കാളികളായി. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ അമ്പയറും, നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ് ഇൻഡയറക്റ്റ് ടാക്സസ്‌ ആൻഡ് നർകോട്ടിക് ഡയറക്ടർ ജനറലുമായ ഡോ. കെ എൻ രാഘവൻ പ്രൊമോ റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കേരളത്തിന്റെ കായിക സംസ്കാരത്തിൽ കാര്യമായ മാറ്റം കൊണ്ടു വരാൻ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന് സാധിക്കുമെന്ന് ഡോ. കെ എൻ രാഘവൻ പറഞ്ഞു. ഏറെ തിരക്കുകൾക്കിടയിലും കായിക വിനോദത്തിന് സമയം കണ്ടെത്തുന്ന മാധ്യമ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. എറണാകുളം പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ എം ആർ ഹരികുമാർ, സെക്രട്ടറി സൂഫി മുഹമ്മദ്‌, സ്പോർട്സ് കമ്മിറ്റി കൺവീനർ അഷ്‌റഫ്‌ തൈവളപ്പ് എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 11ന് വേൾഡ് അത്‌ലറ്റിക്സിന്റെ ‍ അംഗീകൃത മാരത്തണ്‍ റൂട്ടിലാണ് ഇത്തവണയും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നടക്കുക. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും മാരത്തോണിന് ലഭിച്ചിട്ടുണ്ട്. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി 1 കിലോമീറ്റർ സ്പെഷ്യൽ റൺ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്ലിയോസ്പോര്‍ട്‌സാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കൊപ്പം ഇത്തവണ വിദേശ അത്‌ലറ്റുകളും പങ്കെടുക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക.

error: Content is protected !!