
ദക്ഷിണ മേഖലയിലെ വിവിധ ജില്ലകളിലെ ഗ്യാസ് ഏജൻസികളിലും ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 കേസുകളിൽ നിന്ന് 2,27,000 രൂപ പിഴയും ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോൻ അറിയിച്ചു.
ഗ്യാസ് ഏജൻസികളിൽ ഉപഭോക്താക്കൾക്ക് ഗ്യാസിന്റെ തൂക്കം നോക്കി ഉറപ്പുവരുത്തുവാൻ ത്രാസ് സൂക്ഷിക്കണം. ത്രാസിന്റെ ലീഗൽ മെട്രോളജി സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾ കാണത്തക്കവിധം വ്യക്തമായി സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ഉപഭോക്താക്കൾക്ക് ഗ്യാസിന്റെ തൂക്കം നോക്കി ബോധ്യപ്പെടാൻ ഒരു ത്രാസും അതിന്റെ സർട്ടിഫിക്കറ്റും സൂക്ഷിക്കണം. തൂക്ക വ്യത്യാസമുള്ള സിലിണ്ടർ ഉപഭോക്താക്കൾക്ക് നൽകാൻ പാടില്ല ഗ്യാസ് ഏജൻസിയുടെ 5 കിലോമീറ്റർ പരിധിയിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകൾക്ക് ഡെിലവറി ചാർജ്ജ് വാങ്ങാൻ പാടില്ല. കൂടാതെ അഞ്ച് കിലോമീറ്റർ പരിധി കഴിഞ്ഞ് വിതരണം നടത്തുന്ന സിലിണ്ടറുകൾക്ക് ഡെലിവറി ചാർജ് ബില്ലിൽ രേഖപ്പെടുത്തി വേണം വാങ്ങാൻ. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്നും ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ അറിയിച്ചു. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ കാദറിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ബന്ധപ്പെടേണ്ട നമ്പറുകൾ: തിരുവനന്തപുരം-8281698020, കൊല്ലം-8281698028, പത്തനംതിട്ട-8281698035, ആലപ്പുഴ-8281698043, കോട്ടയം-8281698051.





