കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പത് മണിയോടെ മൃതദേഹങ്ങൾ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പൊതു ദർശനത്തിന് വക്കും.

മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്. പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഗീതാഞ്ജലി, ഷേബ എന്നിവർക്ക് കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരിക്കേറ്റത്. മലപ്പുറം സ്വദേശി ഷേബയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാൽ, കായംകുളം സ്വദേശിനി ഗീതാഞ്ജലിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അതേസമയം പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു. 2 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.