
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്‍മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്. കാട്ടുപന്നി മണിയുടെ നേര്‍ക്കു ചാടി ആക്രമിക്കുകയായിരുന്നു
22 ലധികം തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. മണിയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിൽ മണിയുടെ വയറിന് കുത്തേറ്റിട്ടുണ്ട്. 16 തുന്നലുകളാണുള്ളത്.






