തിരുവനന്തപുരം പി.ടി.പി നഗറിൽ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം ‘അമേസ് 28’ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉൾക്കൊണ്ട് കേരളത്തിന് പുതിയ ഭവന നയം തയ്യാറാക്കും. ഭവന നിർമ്മാണ രംഗത്ത് നവീന സാങ്കേതിക വിദ്യകളും ഹരിത നിർമ്മാണ രീതികളും ഉപയോഗപ്പെടുത്താൻ കഴിയണമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം വാഴമുട്ടത്ത് ആറ് ഏക്കറിൽ നാഷണൽ ഹൗസിംഗ് പാർക്ക് നിർമ്മിക്കാൻ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായി. വിവിധ രൂപകല്പനയിലുള്ള 40 ഓളം നിർമ്മിതികൾ ഉൾക്കൊള്ളുന്ന നാഷണൽ ഹൗസിംഗ് പാർക്കിൽ എല്ലാവിധ നിർമ്മാണ സാമഗ്രികളും പരിചയപ്പെടുത്താൻ സൗകര്യങ്ങൾ ഉണ്ടാകും. നിർമാണ സാമഗ്രികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ എല്ലാ ജില്ലകളിലും കലവറ സംവിധാനം ശക്തിപ്പെടുത്തും. മൊബൈൽ ക്വാളിറ്റി ലാബ് സൗകര്യവും ഉണ്ടാകും.

ഏകീകൃത നിർമ്മാണ രീതികൾ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തിലും താങ്ങാവുന്ന ചെലവിലും ഭവന നിർമ്മാണ രീതികൾ സ്വീകരിക്കാൻ കേരളം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ.ഐ.ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസം കൊണ്ടാണ് നിർമ്മിതി കേന്ദ്രം കാമ്പസിൽ മാതൃകാ കെട്ടിടം നിർമ്മിച്ചത്.