
ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിക്കന്‍ റെന്‍ഡറിങ് പ്ലാന്റുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യവും ഇവിടെ സംസ്‌കരിക്കാന്‍ പര്യാപ്തമാണ്. നിലവിലുള്ള പ്ലാന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധന നടത്തും.
അനധികൃതമായി ജലാശയങ്ങളിലോ പൊതുനിരത്തിലോ മാലിന്യം തള്ളുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കി ശക്തമായ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് ഇല്ലാത്ത കടകളില്‍ പരിശോധന നടത്താന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ജില്ലയില്‍ ഓരോ ദിവസവും ഉണ്ടാകുന്ന കോഴി മാലിന്യത്തിന്റെ വിശദമായ അളവ് ശേഖരിക്കാനും യോഗം തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍, നവകേരളം മിഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.







