
മെയ്‌ക്കരുത്തിൽ തിളങ്ങാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ വനിതകൾ. വനിതകളെ സ്വയംരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനായി കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്ന് (എസ്‌കെഎഫ്)ആരംഭിച്ച ‘ധീരം’ പദ്ധതിയിൽ ജില്ലയിൽ കരാട്ടെ പരിശീലനം തുടങ്ങി. സ്വയരക്ഷയ്ക്ക് ഒപ്പം കായികവും മാനസ്സികവുമായ ആരോഗ്യവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ആയോധനകലയിൽ പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവനമാർഗമൊരുക്കുകയും ചെയ്യും. കൊല്ലത്താണ് കരാട്ടെ പരിശീലനം നൽകുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയുടെ നടത്തിപ്പും ഏകോപനവും നിർവഹിക്കുന്നത് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ്.
ശനി, ഞായർ ദിവസങ്ങളിലായി മൂന്നു മണിക്കൂർവീതം ഒരു വർഷത്തേക്കാണ് പരിശീലനം. നിലവിൽ 30പേർക്കാണ് പരിശീലനം. 35വയസ്സുവരെയുള്ള തൊഴിൽ രഹിതരായവരാണ് പഠിതാക്കൾ. പദ്ധതിയുടെ ഭാഗമായി നേരത്തെ രണ്ടു വനിതകൾക്ക് സംസ്ഥാനതലത്തിൽ 25 ദിവസത്തെ പരിശീലനം നൽകിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രണ്ടാംഘട്ട പരിശീലന പരിപാടി നടക്കുന്നത്.ഇവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. മൂന്നാംഘട്ടത്തിൽ സൂക്ഷ്മ സംരംഭക മാതൃകയിൽ ജില്ലാതല പരിശീലകരുടെ സംരംഭക ഗ്രൂപ്പുകളുണ്ടാക്കി സ്വയംപ്രതിരോധ പരിശീലനകേന്ദ്രങ്ങൾ ഒരുക്കും. കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്, ബാലസഭാ അംഗങ്ങൾ എന്നിവയ്ക്കും സ്വയംപ്രതിരോധ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കും. പഠിതാക്കൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെൻഡും നൽകും.








