
വിപണിയിലുള്ള കറിപ്പൊടികളിൽ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അളവ് നിയമാനുസൃതമാണോ എന്നറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകൾ വ്യാപകമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. കറിപ്പൊടികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ വ്യാപകമായി മായം കലർത്തുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.ഭക്ഷ്യ സുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കീടനാശിനിയുടെ അളവ് നിശ്ചിത പരിധിയിൽ നിന്നും കൂടുതലാണെന്ന് കണ്ടെത്തിയ കറിപ്പൊടികൾ വിപണിയിൽ നിന്നും പിൻവലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമല്ലാതെ കറിപ്പൊടികൾ വിപണിയിൽ ലഭ്യമല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ജില്ലകൾ തോറും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത നിലവാരം കുറഞ്ഞ കറിപ്പൊടികൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്. കറിപ്പൊടികളിൽ കീടനാശിനികളുടെ അളവ് കൂടുതലുണ്ടോ എന്നറിയാൻ കർശന പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കമ്പനികൾ നിരോധിക്കണമെന്ന് പരാതിക്കാരനായ ശ്രീജിത്ത് ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർത്താൽ നിയമാനുസൃതമായ നടപടി കൈക്കൊള്ളാനുള്ള അധികാരം സർക്കാരിനുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.








