2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നിലവിലുള്ള സർക്കാർ ജീവനക്കാരും വിരമിച്ച പെൻഷൻകാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ൽ ഉൾപ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയിൽ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും ജൂൺ 20നു മുൻപു നൽകണം.

ഡി.ഡി.ഒ./ട്രഷറി ഓഫീസർമാർ ഈ അപേക്ഷകൾ സ്വീകരിച്ചു ജൂൺ 22നു മുൻപായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്യണം. മെഡിസെപ് ഡേറ്റാ ബേസിൽ നിലവിലുള്ള എല്ലാ ഗുണഭോക്താക്കളിൽ നിന്നും പ്രീമിയം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ ശ്രദ്ധിക്കണം.

ജൂൺ 22നു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ (നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിയുന്നവർ എന്നീ വിഭാഗക്കാർ ഒഴികെ) മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. അതിനാൽ ഡി.ഡി.ഒമാരും ട്രഷറി ഓഫീസർമാരും ഈ തീയതിക്ക് മുൻപ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്ഡേഷൻ അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുൻപായി മെഡിസെപ് പോർട്ടലിൽ വെരിഫൈ ചെയ്തു ക്രമപ്പെടുത്തണം. 2018 മുതൽ ആരംഭിച്ച വിവരശേഖരണവും അതുമായി ബന്ധപ്പെട്ട കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായി നൽകിയിട്ടുള്ള കൃത്യമായ നിർദ്ദേശങ്ങൾ സമയബന്ധിതമായി നിർവഹിക്കാതെ അനുവദിച്ച സമയപരിധി കഴിഞ്ഞും ഡി.ഡി.ഒമാരുടേയും ട്രഷറി ഓഫീസർമാരുടേയും സഹായത്തോടെ Status Report തിരുത്തൽ വരുത്തിയ ശേഷം കാർഡ് ലഭ്യമായിട്ടില്ല എന്ന് പരാതി നൽകിയാൽ ഇനി പരിഗണിക്കില്ല.

അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെവന്നാൽ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയിൽ വിലാസത്തിൽ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി. മാനേജർക്ക് പരാതി നൽകുകയോ ചെയ്യണം. മെഡിസെപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ (നം. 57/2023/ധന. തീയതി 15/06/2023) ധനവകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും.