കനകക്കുന്നിൽ കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ…. പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്.

സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ സെൻട്രൽ ജയിൽ. കൗതുകം മാത്രമല്ല ഒരല്പം ‘ടെറർ’ കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനൽ’ തൂക്കുകയറും, ‘ഡമ്മി’ പ്രതിയും. ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷക്കായി തയ്യാറാക്കിയ ചണം കൊണ്ടുള്ള യഥാർത്ഥ തൂക്കുകയറാണ് പ്രദർശിപ്പിക്കുന്നത്.വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 25 ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്. ജയിൽ കാണാൻ എത്തുന്നരെ ആദ്യം സ്വീകരിക്കുന്നത് 22 അടി ഉയരമുള്ള മെയിൻ ഗേറ്റാണ്.

ജയിലിനെ പോലെ തന്നെ ഗേറ്റ് കീപ്പറോട് അനുവാദം വാങ്ങി ഉള്ളിലേക്ക് കടക്കാം. ഒൻപതര ഏക്കറോളം വരുന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപമാണ് മുന്നിൽ നിങ്ങളെ കാത്തിരിക്കുന്നത്. ജയിലിലെ 12 ബ്ലോക്കുകൾ, സന്ദർശന മുറി, ജയിലിന്റെ സിഗ്നേച്ചറായ ക്ലോക്ക് ടവർ, കാന്റീൻ, യോഗാ സെന്റർ, ഡിസ്‌പെൻസറി, ആരാധനാലയങ്ങൾ, ലൈബ്രറി, കൃഷിയിടങ്ങൾ, ഉദ്യോഗസ്ഥരുടെ കാര്യാലയം തുടങ്ങി ജയിലിന്റെ മുക്കും മൂലയും വരെ നേരിൽ കാണാം. തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!