
ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു.
മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ സമഗ്ര സംഭാവനയാണ് പുരസ്‌ക്കാരത്തിനുള്ള പ്രധാന പരിഗണന. നൃത്താചാര്യൻ ഗുരുഗോപിനാഥിന്റെ പേരിൽ കേരളത്തിലെ നൃത്ത-നാട്യ പ്രതിഭകൾക്ക് നൽകിവന്ന പുരസ്‌ക്കാരം 2018ലാണ് ദേശീയ പുരസ്‌ക്കാരമായി ഉയർത്തിയത്.
പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവർക്കുവേണ്ടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാമനിർദ്ദേശങ്ങളയയ്ക്കാം. പുരസ്‌ക്കാരത്തിന് ഒരിക്കൽ തിരഞ്ഞെടുത്ത നൃത്തരൂപം പിന്നീട് പരിഗണിക്കപ്പെടുക മൂന്നു വർഷത്തിന് ശേഷമായിരിക്കും. അപേക്ഷകളും നാമനിർദ്ദേശങ്ങളും ഫെബ്രുവരി 21നകം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം- 695013 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: +91-471-2364771. കൂടുതൽ വിവരങ്ങൾക്ക്: www.gurugopinathnatanagramam.org.



