ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻ ജനമേറ്റെടുക്കുന്നു. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്‌തു മാനുക്കാസ്‌ മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ 57 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്.

തൃശൂർ ദേശമംഗലത്തുള്ള ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി എം ബി രാജേഷ്‌, സിപിഐ എം തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ്‌ മാസ്റ്റർ, സിപിഐ എം നേതാവ്‌ കെ എ ഷംസു തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത പതിനാലോളം പേർ മൊയ്തു സംഭാവന നൽകിയ ഭൂമിയിൽ ലൈഫ് ഭവനപദ്ധതിയിലൂടെ അവരുടെ വീട് നിർമ്മിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മറ്റുള്ളവരോടുള്ള കരുതലും സഹായമനസ്കതയും ഇത്തരത്തിൽ പ്രകടിപ്പിക്കുന്ന മനുഷ്യരെ നമുക്ക് മാതൃകയാക്കാമെന്നും മനസോടിത്തിരി മണ്ണിലേക്ക് ഭൂമി സംഭാവന ചെയ്യാൻ കൂടുതലാളുകൾ രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു

KER
error: Content is protected !!